09:00pm 12 November 2026
NEWS
സ്വർണവിലയിൽ ‘ബൈ ദ ഡിപ്’ ട്രെൻഡ്; കുത്തനെ ഇടിഞ്ഞ സ്വർണവില വീണ്ടും കുതിക്കുമോ?
02/02/2026  06:55 PM IST
nila
സ്വർണവിലയിൽ ‘ബൈ ദ ഡിപ്’ ട്രെൻഡ്; കുത്തനെ ഇടിഞ്ഞ സ്വർണവില വീണ്ടും കുതിക്കുമോ?

സ്വർണവില കനത്ത ഇടിവിലേക്ക് നീങ്ങുന്നതിനിടെ അന്താരാഷ്ട്ര വിപണിയിൽ ശക്തമായ ‘ബൈ ദ ഡിപ്’ തരം​ഗം തിരിച്ചടിയായി. വില കുത്തനെ താഴ്ന്നതോടെ അവസരം മുതലെടുക്കാൻ നിക്ഷേപകർ വൻതോതിൽ സ്വർണം വാങ്ങിയതാണ് വിപണിയിൽ പുനരുജ്ജീവനത്തിന് വഴിയൊരുക്കിയത്. ഇതിന്റെ പ്രതിഫലനം കേരള വിപണിയിലും പ്രകടമായി. അന്താരാഷ്ട്ര വിപണിയിൽ നഷ്ടം വലിയ തോതിൽ നികത്തിയതിനെ തുടർന്ന് കേരളത്തിൽ ഇന്നു വൈകിട്ടോടെ സ്വർണവില ഉയർന്നു. രാവിലെയും ഉച്ചയ്ക്കുമായി പവൻവില 10,000 രൂപയ്ക്കടുത്ത് ഇടിഞ്ഞ ശേഷമാണ് വൈകിട്ട് തിരിച്ചുകയറ്റം ഉണ്ടായത്.

കേരളത്തിൽ ഇന്ന് വൈകിട്ട് പവൻവില 2,000 രൂപ ഉയർന്ന് 1,09,920 രൂപയിലെത്തി. ഗ്രാമിന് 250 രൂപ വർധിച്ച് 13,740 രൂപയായി. രാജ്യാന്തരതലത്തിൽ ‘ബൈ ദ ഡിപ്’ ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ കേരളത്തിൽ സ്വർണവില കൂടുതൽ താഴേക്കു പോയേനെ എന്ന വിലയിരുത്തലും ഉയരുന്നുണ്ട്.

കഴിഞ്ഞ ആഴ്ച 5,000 ഡോളറിന് മുകളിലായിരുന്നു അന്താരാഷ്ട്ര മാർക്കറ്റിൽ സ്വർണവില. ഇന്ന് ഒരു ഘട്ടത്തിൽ 4,400 ഡോളർ വരെ ഇടിഞ്ഞിരുന്നു. ഈ കനത്ത ഇടിവാണ് വാങ്ങൽ തിരക്കിന് ഇടയാക്കിയത്. വെള്ളിവിലയിലും സമാനമായ തിരിച്ചുകയറ്റം ഉണ്ടായി. ഔൺസിന് 72 ഡോളർ വരെ താഴ്ന്ന വെള്ളി പിന്നീട് 82 ഡോളറിലേക്ക് ഉയർന്നു. ഇന്നുരാവിലെ 20 ശതമാനത്തിലധികം ഇടിഞ്ഞ സിൽവർ ഇടിഎഫുകൾ പിന്നീട് 10 ശതമാനം വരെ നേട്ടം വീണ്ടെടുത്തു. അതേസമയം, 10 ശതമാനത്തിനടുത്ത് ഇടിഞ്ഞ ഗോൾഡ് ഇടിഎഫുകളുടെ നഷ്ടം 5 ശതമാനമായി ചുരുങ്ങുകയും ചെയ്തു.

കേരളത്തിലെ സ്വർണ വിപണിയിലും വില വ്യത്യാസങ്ങൾ പ്രകടമായി. എകെജിഎസ്എംഎയുടെ ജ്വല്ലറികളിൽ 18 കാരറ്റ് സ്വർണവില ഗ്രാമിന് 210 രൂപ ഉയർന്ന് 11,355 രൂപയായി. കെജിഎസ്എംഎയുടെ ജ്വല്ലറികളിൽ 18 കാരറ്റ് സ്വർണവില ഗ്രാമിന് 205 രൂപ കുറഞ്ഞ് 11,290 രൂപയായി. ഇരു വിഭാഗങ്ങളിലും വെള്ളിവിലയിൽ മാറ്റമുണ്ടായില്ല.

അന്താരാഷ്ട്ര വിപണിയിലെ ‘ബൈ ദ ഡിപ്’ പ്രവണതയാണ് കേരളത്തിൽ സ്വർണവില കൂടുതൽ ഇടിയുന്നതിന് തടയിട്ട് വിപണിയെ പിന്തുണച്ചതെന്ന് വിലയിരുത്തപ്പെടുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img